ഗുരുവായൂർ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രനടയിൽ പരിപാടി സംഘടിപ്പിച്ച ബി.ജെ.പി നേതാക്കൾക്കെതിരെ ഗുരുവായൂർ പോലീസ് കേസെടുത്തു. ഗുരുവായൂർ ദേവസ്വം നൽകിയ പരാതിയെ തുടർന്നാണ് കേസ്. കർഷക വന്ദനദിനത്തോടനുബന്ധിച്ച് ചിങ്ങം ഒന്നിനാണ് ബിജെപി ജില്ലാ സെക്രട്ടറി കെ ആർ അനീഷിന്റെ സഹോദരനും ക്ഷീര – കേര കർഷകനുമായ കെ ആർ അജിത് കുമാറിനെ ബി.ജെ.പി നേതാക്കൾ ചേർന്ന് ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ച് ആദരിച്ചത്. ജില്ലാ പ്രസിഡണ്ട് കെ.കെ അനീഷ് കുമാർ ചടങ്ങിൽ അജിത് കുമാറിനെ പൊന്നാട അണിയിച്ച് ആദരിച്ചിരുന്നു. സി.പി.എം തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗം സുമേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചപ്പോഴാണ് ബി.ജെ.പി നേതാക്കൾക്കെതിരെ പരാതി നൽകാൻ ദേവസ്വം തയ്യാറായത്. ഇതിനു പുറമെ കോൺഗ്രസ്സ് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.പി ഉദയൻ ഹൈക്കോടതി ഉത്തരവ് ലംഘിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു