ഗുരുവായൂർ: രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾ നടത്താൻ ഹൈക്കോടതി വിലക്കുള്ള ഗുരുവായൂർ ക്ഷേത്രനടയിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത് വിവാദമാകുന്നു. ചിങ്ങം ഒന്നിന് ബി.ജെ.പി സംഘടിപ്പിച്ച കർഷക വന്ദനദിനത്തോടനുബന്ധിച്ച് ബി.ജെ.പി ജില്ലാ സെക്രട്ടറി കെ ആർ അനീഷിന്റെ സഹോദരനും ക്ഷീര – കേര കർഷകനുമായ കെ.ആർ അജിത് കുമാറിനെയാണ് ബി.ജെ.പി നേതാക്കൾ ചേർന്ന് ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ച് ആദരിച്ചത്. ജില്ലാ പ്രസിഡണ്ട് കെ.കെ അനീഷ് കുമാർ ചടങ്ങിൽ അജിത് കുമാറിനെ പൊന്നാട അണിയിച്ച് ആദരിച്ചിരുന്നു. ഈ പരിപാടിയാണ് ഇപ്പോൾ വിവാദമായിട്ടുള്ളത്. ഗുരുവായൂരിൽ ഒരു രാഷ്ട്രീയ പാർട്ടിയും ക്ഷേത്രത്തിൻ്റെ മഞ്ജുളാൽ വരെയുള്ള കിഴക്കേനടയിലും പടിഞ്ഞാറ്, തെക്ക്, വടക്കേനടകളിലും ഒരു പരിപാടികളും സംഘടിപ്പിക്കാറില്ല. കൊടിതോരണങ്ങളും കെട്ടാറുമില്ല. എന്നാൽ ഇത് മറികടന്നാണ് ബി.ജെ.പി നേതൃത്വത്തിൽ ഗുരുവായൂർ ക്ഷേത്രനടയിൽ പരിപാടി സംഘടിപ്പിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ വിശ്വാസികൾക്ക് പോലും ആരാധന വിലക്കുള്ള സമയത്താണ് ബി.ജെ.പി പരിപാടി സംഘടിപ്പിച്ചത്. ബി.ജെ.പിയുടെ വിശ്വാസ സംരക്ഷണവും ദൈവ സ്നേഹവുമെല്ലാം കപടമാണെന്നതിന് തെളിവാണ് ഇതെന്ന് സി.പി.എം തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗം സുമേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
https://m.facebook.com/story.php?story_fbid=302182664350620&id=100036766669835