ഗുരുവായൂർ: കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസുകൾക്ക് അമിത ഫീസ് ഈടാക്കുന്ന സ്കൂൾ, കോളേജ് മാനേജ്മെന്റുകളുടെ തീവെട്ടി ക്കൊള്ളക്കെതിരെ കെ.എസ്.യു ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ഗവർണർക്ക് 1000 പ്രതിഷേധ കത്തുകൾ അയച്ചു പ്രതിഷേധിച്ചു. ഗുരുവായൂർ തിരുവെങ്കിടം പോസ്റ്റ് ഓഫീസിനു മുന്നിൽ കെ.എസ്.യു നിയോജക മണ്ഡലം തല പ്രതിഷേധ സമരം കെ.എസ്.യു ജില്ലാ പ്രസിഡന്റ് മിഥുൻ മോഹൻ ഉദ്ഘാടനം നിർവ്വഹിച്ചു. കെ.എസ്.യു ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഷഹസാദ് കൊട്ടിലിങ്ങൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.സി സറൂക്ക് മുഖ്യാതിഥിയായി. കോൺഗ്രസ് ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് ബാലൻ വാർണ്ണാട്ട് , കെ.എസ്.യു പ്രവർത്തകരായ വിഷ്ണു തിരുവെങ്കിടം, സ്റ്റാൻജോ സ്റ്റാൻലി , യദുകൃഷ്ണ ഗുരുവായൂർ, മനീഷ് നീലിമന, നിസാർ ഗുരുവായൂർ, വിഷ്ണു വടക്കൂട്ട്, ആബേൽ സ്റ്റീഫൻ, പ്രയിസ് പുത്തൂർ എന്നിവർ നേതൃത്വം നൽകി.