ബ്രസീൽ: പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സിയില്‍ നിന്നുള്ള കൂടുമാറ്റം മുപ്പത്തിരണ്ടാം ജന്‍മദിനത്തില്‍ആരാധകരെ അറിയിച്ച് ബ്രസീലിയന്‍ വിങര്‍വില്യന്‍. സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജുമായുള്ള നീണ്ട ഏഴ് വര്‍ഷത്തെ ആത്മബന്ധം അവസാനിപ്പിക്കുന്നതായി താരം സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് വ്യക്തമാക്കിയത്.
ഏഴ് വര്‍ഷം മുമ്പ് ചെല്‍സിയില്‍ നിന്നുള്ള ഓഫര്‍സ്വീകരിച്ചത് കരിയറിലെ മികച്ച തീരുമാനങ്ങളിലൊന്നായിരുന്നു. ഒട്ടേറെ സന്തോഷ മുഹൂര്‍ത്തങ്ങളും, ട്രോഫികളും കുറച്ച് ദുഖവുമുള്ള ഇക്കാലയളവ് മഹനീയമാണ്. ചെല്‍സിയിലെ ജീവിതം മികച്ച താരവും മനുഷ്യനുമാക്കി. ചെല്‍സി കുപ്പായത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായി എന്ന അഭിമാനത്തോടെയാണ് പടിയിറങ്ങുന്നത്. ആരാധകര്‍ക്കെല്ലാം നന്ദിയറിയിക്കുന്നതായും വില്യന്‍ കുറിച്ചു.
ചെല്‍സിക്കായി 339 മത്സരങ്ങളില്‍നീലക്കുപ്പായമണിഞ്ഞു വില്യന്‍. 63 ഗോളുകള്‍ നേടി. 2013ലാണ് വില്യനെ ചെല്‍സി സ്വന്തമാക്കിയത്. ചെല്‍സി കുപ്പായത്തില്‍ രണ്ട് പ്രീമിയര്‍ ലീഗും ഓരോ ലീഗ് കപ്പ്, എഫ്എ കപ്പ്, യൂറോപ്പ ലീഗ് കിരീടങ്ങളും നേടാനായി. മുപ്പത്തിരണ്ടുകാരനായ താരവുമായി കരാര്‍ പുതുക്കാനുള്ള ശ്രമങ്ങള്‍ ചെല്‍സി നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. താരം ആഴ്‌സണലുമായി ചര്‍ച്ചകള്‍ നടത്തുന്നു എന്നാണ് റിപ്പോര്‍ട്ട്.