പുന്നയൂർക്കുളം: മാവിൻചുവട്ടിൽ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയതുൾപ്പെടെ ഇരുപതോളം മോഷണ കേസുകളിലെ പ്രതിയായയാളെ വടക്കേക്കാട് പൊലീസിന്റെ ക്രൈം ഡ്രൈവ് ആപ്ലിക്കേഷൻ കുടുക്കി. കുന്നംകുളം മരത്തംകോട് എ.കെ.ജി നഗർ കണ്ടകത്ത് വീട്ടിൽ ദിലീപ് വാസുദേവനെയാണ് (47) വടക്കേക്കാട് എസ്.ഐ കെ അബ്ദുൽ ഹക്കീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20 ന് പുന്നയൂർക്കുളം മാവിൻചുവട് പെരുമ്പുള്ളി പാട്ട് പയ്യൂരയിൽ ആഷിഫിന്റെ ഗെയ്റ്റും വീടിന്റെ ഡോറും കുത്തിതുറന്ന് 2000 രൂപ പ്രതി മോഷ്ടിച്ചിരുന്നു. വടക്കേക്കാട് പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ തെളിവെടുപ്പുകൾ നടത്തുകയും വീട്ടിലെയും പരിസരത്തെ നീരിക്ഷണ ക്യാമറകളും പരിശോധയിലാണ് സൂചനകൾ പൊലീസിന് ലഭിച്ചത്. ഇതിൽ നിന്നും കിട്ടിയ വണ്ടി നമ്പർ ട്രൈസ് ചെയ്താണ് പ്രതിയെ പിടികൂടാനായത്. ചോദ്യം ചെയ്യലിൽ ഇയാൾ പരസ്പരവിരുദ്ധമായി മറുപടി നൽകിയതോടെ പൊലീസിന്റെ ക്രൈം ഡ്രൈവ് ആപ്ലിക്കേഷനിൽ പ്രതിയുടെ പേരും മറ്റു വിവരങ്ങളും നൽകിയപ്പോഴാണ് ഇയാൾ ഇരുപതോളം മോഷണ കേസുകളിലും പ്രതിയാണെന്ന് മനസ്സിലായത്. എരുമപ്പെട്ടി, കുന്നംകുളം, പൊന്നാനി, നാദാപുരം, കോഴിക്കോട് തുടങ്ങി വിവിധ സ്റ്റേഷനുകളിൽ 13ൽ പരം കേസുകൾ നിലനിൽക്കുന്നുണ്ട്. ഒരു കേസിൽ ആറു വർഷം തടവ് അനുഭവിച്ച ഇയാൾ 2018ലാണ് പുറത്തിറങ്ങിയത്. നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ അബ്ദുൽ ഹക്കീമിന് പുറമേ സി.പി.ഒ മാരായ രൺദീപ്, പ്രശാന്ത്, ജോഫിൻ, ഡെന്നിത്, ലിനു എന്നിവരും പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.