Friday, September 20, 2024

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ കെ.എസ്.യു പ്രവര്‍ത്തകരെ മാരകായുധങ്ങളുമായി വധിക്കാന്‍ ശ്രമിച്ച കേസ്: സി.പി.എം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ ആറു പേര്‍ക്ക് 11 വര്‍ഷം തടവും പിഴയും ശിക്ഷ

ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ കെ.എസ്.യു മുന്‍ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയേയും പ്രവര്‍ത്തകരേയും മാരകായുധങ്ങളുമായി വധിക്കാന്‍ ശ്രമിച്ച കേസില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ ആറു പേര്‍ക്ക് 11 വര്‍ഷം തടവും പിഴയും ശിക്ഷ. ശ്രീകൃഷ്ണ കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരായിരുന്ന മങ്ങാട് കുറുമ്പൂര്‍ മിഥുന്‍ കെ അജയ് (26) വെളിയന്നൂര്‍ എപ്പുറം മനയില്‍ ആരോമല്‍ (26) പേരാമംഗലം കുറിയേടത്ത് രജീഷ് (25) ബ്രഹ്മകുളം നമ്പ്രത്ത് ജീതേഷ് (25), കാണിപ്പയ്യൂര്‍ ചീനോത്ത് സുര്‍ജിത്ത് (25), കണ്ടാണശ്ശേരി മുതുവീട്ടില്‍ സജീബ് (30) എന്നിവരയേണ് 11 വര്‍ഷം തടവിനും 1,02,000 രൂപ നഷ്ടപരിഹാരവും നല്‍കാന്‍ ചാവക്കാട് സെഷന്‍സ് ജഡ്ജ് റ്റി.ഡി ബിജു ഉത്തരവിട്ടത്. ശ്രീകൃഷ്ണ കോളേജില്‍ കെ.എസ്.യു നേതാവായിരുന്ന അബ്ദുള്‍ മുനീറിനെ രാഷ്ട്രീയ വിരോധം മൂലം വധിക്കാന്‍ ശ്രമിക്കുകയും സുഹൃത്തുക്കളായ എം.എസ് സ്വാലിഹ്, ഷിബില്‍ ഷുക്കൂര്‍, നാദിര്‍ഷ എന്നിവരെ മാരാകായുധങ്ങളുമായി അക്രമിക്കുകയും ചെയ്ത കേസിലാണ് ശിക്ഷ. 2015 ജനുവരി 20 നായിരുന്നു സംഭവം. മിഥുന്‍ കെ അജയ്, രജീഷ് എന്നിവര്‍ക്ക് ആകെ 11 വര്‍ഷവും, ആരോമല്‍, ജിതേഷ്, സുര്‍ജിത്ത്, സി.പി.എം കണ്ടാണശ്ശേരി ലോക്കല്‍ സെക്രട്ടറി സജീബ് ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ഏഴു വര്‍ഷവുമാണ് ശിക്ഷ. ഈ കേസില്‍ പോര്‍ക്കളക്കാട് എഴിക്കോട്ട് സനല്‍ എന്ന മുഖ്യ പ്രതി വിദേശത്ത് ഒളിവിലാണ്. ഇരുമ്പു പൈപ്പ് കൊണ്ടുള്ള അടിയേറ്റ് മുനീറിന്റെ തലയോട്ടി പൊട്ടിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വി.എസ് മോഹന്‍ദാസ്, കെ.ബി സുനില്‍ കുമാര്‍ എന്നിവര്‍ ഹാജരായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments