ഗുരുവായൂർ: ലോക് ഡൗണ്‍ ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് കൂട്ട പ്രാര്‍ത്ഥന നടത്തിയ സംഭവത്തില്‍ കീഴ്ശാന്തിക്ക് ദേവസ്വം ഷോക്കോസ് നോട്ടീസ് നല്‍കി. പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കിയ കീഴ്ശാന്തി കീഴേടം രാമന്‍ നമ്പൂതിരിക്കാണ് ദേവസ്വം വിശദീകരണം ചോദിച്ച് നോട്ടീസ് നല്‍കിയത്. കൊറോണ വൈറസ് ഭീതിയില്‍ നിന്ന് മോചനം ലഭിക്കാന്‍ വേണ്ടിയാണ് ലോക് ഡൗണ്‍ ലംഘിച്ച് ഏപ്രില്‍ 10 വൈകീട്ടും 11 ന് രാവിലെയുമാണ് രാമൻ നമ്പൂതിരി ക്ഷേത്രത്തിലെ കീഴ്ശാന്തിമാരെയും കാവല്‍ക്കരെയും സംഘടിപ്പിച്ച് ക്ഷേത്രത്തിനകത്ത് കൂട്ട പ്രാര്‍ത്ഥന നടത്തിയത്. പ്രാര്‍ത്ഥനയില്‍ ദേവസ്വത്തിലെ ഉന്നത ഉദ്യോഗസ്ഥനും പങ്കെടുത്തിരുന്നുവത്രേ. സംഭവം വിവാദമായതോടെ പ്രതികരണ വേദി ജില്ല കലക്ടര്‍ക്ക് പരാതി നല്‍കി. ഇതോടെ നടപടി എടുക്കാന്‍ കലക്ടര്‍ ദേവസ്വത്തോട് ആവശ്യപ്പെട്ടു. ഇതിന് പുറമെ പരാതി അന്വേഷിക്കാന്‍ പോലീസിനെയും ചുമതല പ്പെടുത്തിയിരുന്നു. ഇതിനെതുടര്‍ന്ന് സംഭവ ദിവസങ്ങളിലെ ക്ഷേത്രത്തിനകത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ പോലിസ് ആവശ്യപെട്ടെങ്കിലും നൽകാന്‍ ദേവസ്വം തയ്യാറായില്ല. രണ്ടു തവണയാണ് ദൃശ്യങ്ങളുടെ വീഡിയോ ദൃശ്യം ആവശ്യപ്പെട്ട് പോലീസ് ദേവസ്വത്തിന് കത്ത് നല്‍കിയത്. ദേവസ്വത്തിലെ ഉന്നത ഉദ്യോഗസ്ഥരും സംഭവത്തില്‍ പ്രതിയാകുമെന്ന്‍ കണ്ടാണ് വീഡിയോ ദൃശ്യങ്ങള്‍ പോലീസിന് കൈമാറാത്തതെന്നാണ് ആരോപണം.