ഗുരുവായൂർ: പ്രവാസികളെ ഗുരുവായൂരില്‍ ക്വാറന്‍റെെന്‍ ചെയ്യുന്നതിനെതിരെ ആക്ഷേപവുമായി ചില കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നത് ആ പാര്‍ട്ടിയുടെ പാപ്പരത്തമാണ് വ്യക്തമാക്കുന്നതെന്ന് കെ.വി അബ്ദുൾഖാദർ എം.എൽ.എ പറഞ്ഞു. ഒരു ഭാഗത്ത് തങ്ങള്‍ പ്രവാസികളോടൊപ്പമാണെന്ന് പെരുമ്പറയടിക്കുകയും ഗുരുവായൂരില്‍ പ്രവാസികള്‍ക്കെതിരെ നിലപാട് സ്വീകരിക്കുകയുമാണ് കോൺഗ്രസ് നേതാക്കൾ ചെയ്യുന്നത്. പാസില്ലാതെയും അതിര്‍ത്തിയില്‍ നിന്ന് ആളുകളെ കയറ്റി വിടണമെന്ന് ബഹളം വച്ച അതേ പാര്‍ട്ടിയുടെ നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പെടെയാണ് ക്വാറന്‍റെെന്‍ സംവിധാനത്തിനെതിരെ രംഗത്തു വന്നത് തൃശൂര്‍ ജില്ലയിലെ മറ്റു നഗരങ്ങളിലും നിരീക്ഷണമൊരുക്കിയിട്ടുണ്ട്. ദേശീയ പാര്‍ട്ടി എന്നവകാശപ്പെടുന്ന കോണ്‍ഗ്രസ്സിന്‍റെ നേതാക്കള്‍ ഇതു പോലുള്ള സമീപനങ്ങള്‍ സ്വീകരിക്കുന്നത് അവരുടെ തന്നെ അണികള്‍ തിരിച്ചറിയുന്നുണ്ട്. ലോഡ്ജ് ഉടമകള്‍ക്ക് മുറികള്‍ ഏറ്റെടുത്താല്‍ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നിരിക്കെ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് കോവിഡ് 19 പ്രതിരോധത്തിന് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ തകര്‍ക്കാമെന്ന വ്യാമോഹം കോണ്‍ഗ്രസ്സും പ്രതിപക്ഷവും ഉപേക്ഷിക്കണമെന്നും കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ആവശ്യപ്പെട്ടു.