ഗുരുവായൂർ: കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നതിനായി തൃശൂർ ജില്ലയിലെത്തുന്ന പ്രവാസികൾക്കായി ഗുരുവായൂരിൽ ലോഡ്ജുകൾ സജ്ജമാക്കി. ആദ്യഘട്ടമായി 74 പേരാണ് നാളെ (വ്യാഴം) രാത്രി പത്തോടെ ഗുരുവായൂരിലെത്തുക. ഇവരെ ദേവസ്വം ഗസ്റ്റ് ഹൗസുകളിലെ മുറികളിലാണ് താമസിപ്പിക്കും. ഇതിനായി ദേവസ്വം ഗസ്റ്റ് ഹൗസിലെ മുറികളുടെ താക്കോൽ നഗരസഭ സെക്രട്ടറിക്ക് കൈമാറി കഴിഞ്ഞു. ദേവസ്വത്തിലെ മൂന്ന് ഗസ്റ്റ് ഹൗസുകളിലുമായി 236 മുറികളാണുള്ളത്. കിഴക്കേ നടയിൽ കൗസ്തുഭം ഗസ്റ്റ് ഹൗസിൽ 64 മുറികളുണ്ട്. ബാക്കി 172 മുറികളും തെക്കേ നടയിലെ പാഞ്ചജന്യം ഗസ്റ്റ്ഹൗസ് സമുച്ചയത്തിലാണ്. കൂടുതൽ പേരെത്തുന്നതോടെ അവരെ സ്വകാര്യ ലോഡ്ജുകളിലേക്ക് മാറ്റും. എന്നാൽ ജില്ലയിലെത്തുന്ന പ്രവാസികൾക്ക് നിരീക്ഷണ സംവിധാനത്തിനായി ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജുകളിലെ മുറികൾ വിട്ടുനൽകണമെന്ന ആവശ്യത്തിൽ ലോഡ്ജുടമകൾ സർക്കാരിനെ അതൃപ്തി അറിയിച്ചിട്ടുണ്ട്. പ്രവാസികളെ ഗുരുവായൂരിൽ താമസിപ്പിക്കാനുള്ള സർക്കാർ തീരുമാനം പുനർവിചിന്തനം ചെയ്യണമെന്നാണ് ലോഡ്ജ് ഉടമകൾ കളക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. തീർത്ഥാടനം മാത്രം ആസ്പദമായി നിലനിൽക്കുന്ന ക്ഷേത്രനഗരിയെ കോവിഡ് നിരീക്ഷണത്തിന് തെരഞ്ഞെടുക്കൽ വിശ്വാസികളായ ആളുകൾക്ക് ഭീതിയും, ആശങ്കയും ഉണ്ടാക്കുമെന്നും അത്യാവശ്യ ഘട്ടത്തിൽ ലോഡ്ജുകൾ ഏറ്റെടുക്കുകയാണെങ്കിൽ നടപടി ക്രമങ്ങൾ രേഖാമൂലം സംഘടനക്ക് നൽകണമെന്നും വാടക നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ഉണ്ടാകണമെന്നും ഇവർ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂളുകൾ, കമ്യൂണിറ്റി സെന്ററുകൾ എന്നിവ നിരീക്ഷണ കേന്ദ്രങ്ങളാക്കിയാൽ അതിനാവശ്യമായ ചിലവ് സംഘടന നൽകാമെന്നും കളക്ടറെ അറിയിച്ചിട്ടുണ്ട്. പ്രവാസികളുടെ താമസം സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് നാളെ (വ്യാഴം) രണ്ടിന് നഗരസഭാ ഹാളിൽ എം.എൽ.എ, കളക്ടർ എന്നിവർ ലോഡ്ജുടമകളുടെ യോഗം ചേരുന്നുണ്ട്. യോഗ ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.