Saturday, November 23, 2024

പ്രവാസികൾക്ക് സൗകര്യമൊരുക്കാൻ പദ്ധതി

തൃശൂർ: ലോക്ക് ഡൗണിന് ശേഷം തിരിച്ചെത്തുമെന്ന് കരുതുന്ന പ്രവാസികളെ നിരീക്ഷണത്തിലാക്കുന്നതിനും സൗകര്യങ്ങളൊരുക്കുന്നതിനും ജില്ലാ ഭരണകൂടത്തിന്റെ പദ്ധതി. ജില്ലയിൽ തിരിച്ചെത്താൻ സാദ്ധ്യതയുളള പ്രവാസികളുടെ എണ്ണം കണക്കാക്കുന്നതിനുളള വിവരശേഖരണം തുടങ്ങി. ഇവരെ താമസിപ്പിക്കുന്നതിനുളള കോവിഡ് കെയർ സെന്ററുകൾ ഒരുക്കുന്നതിനുളള പ്രവർത്തനവും അവസാനഘട്ടത്തിലാണ്. വിവരശേഖരണം വാർഡുതലത്തിൽ രൂപീകരിച്ചിട്ടുളള റാപിഡ് റെസ്‌പോൺസ് ടീമുകളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. പ്രവാസികൾക്ക് സ്വന്തം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിന് സൗകര്യമുണ്ടോ എന്ന് പരിശോധിക്കും.കണക്കെടുപ്പുകൾ 26 ന് പൂർത്തിയാക്കി ജില്ലാതലത്തിൽ ക്രോഡീകരിക്കും. മടങ്ങിയെത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ ആരോഗ്യപരിശോധന നടത്തും. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ അവരവരുടെ വീടുകളിൽ താമസിപ്പിക്കും. ശുചിമുറി സൗകര്യത്തോട് കൂടിയ കിടപ്പ് മുറിയുളളവരെ അവരവരുടെ വീടുകളിൽ തന്നെ നിരീക്ഷണത്തിലാക്കും. അസുഖ ബാധിതർ, ഗർഭിണികൾ, വയോജനങ്ങൾ, കുട്ടികൾ എന്നിവരുളള വീടുകളിലും പ്രവാസികളെ താമസിപ്പിക്കില്ല. ഇവരെയും കെയർ സെന്റർ റൂമുകളിലേക്ക് മാറ്റും. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ കെയർ സെന്ററുകളിൽ പ്രത്യേകം നിരീക്ഷിക്കും. കോവിഡ് സംശയം തോന്നുന്നവരെ നേരിട്ട് ആശുപത്രിയിലേക്ക് മാറ്റും. വീടുകളിലേക്ക് പോകാതെ സ്വന്തം ചെലവിൽ പുറത്ത് താമസിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നവർക്ക് പണം നൽകി താമസിക്കുന്നതിനുളള സൗകര്യവും ഉറപ്പു വരുത്തും. 35 ഓളം റിസോർട്ടുകൾ ഇതിനായി ഒരുക്കും. ഗുരുവായൂർ, തൃശൂർ, മുരിങ്ങൂർ തുടങ്ങിയ വിവിധ പ്രദേശങ്ങളിലായി 4,000 ഓളം നിരീക്ഷണ മുറികൾ ഒരുക്കും. അപ്പലേറ്റ് അതോറിറ്റി ഡെപ്യൂട്ടി കളക്ടർ കെ മധുവിനാണ് പ്രവാസി നിരീക്ഷണ സംവിധാനത്തിന്റെ പൊതുചുമതല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments