പുന്നയൂർ: വേനൽ ചൂട് കാഠിന്യമേറിയതോടെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിൽ പഞ്ചായത്ത് അധിക്കാർ അലംഭാവത്തിലെന്നാക്ഷേപം. പകരം സംവിധാനമായി സി.പി.എമ്മിൻ്റെ നേതൃത്വത്തിൽ കുടിവെള്ളം വിതരണമാരംഭിച്ചു.പുന്നയൂർ പഞ്ചായത്തിൽ കനോലി കനാൽ തീരത്തും കുട്ടാടൻ പാടശേഖര മേഖലയിലുമായി എടക്കര, കുഴിങ്ങര, വടക്കേ പുന്നയൂർ, തെക്കേ പുന്നയൂർ, ആലാപാലം, അവിയൂർ എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്ന അഞ്ച് വാർഡുകളിലാണ് രൂക്ഷമായ കുടിവെള്ള ക്ഷാമമുള്ളത്. കുടിവെള്ള ക്ഷാമമുള്ള മേഖലയിൽ നിശ്ചിത തുക ചെലവിട്ട് ജലവിതരണം നടത്താണമെന്ന് അറിയിച്ച് കഴിഞ്ഞ ഫെബ്രുവരി 27ന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ ആഴ്ച്ചകളായിട്ടും പുന്നയൂർ പഞ്ചായത്ത് അധികൃതർ അടിയന്തിരമായി നടപടിക്ക് ശ്രമിച്ചിട്ടില്ലെന്നാണ് സി.പി.എം നേതാക്കളുടെ ആരോപണം. നാട്ടുകാരുടെ ദുരിതം കണക്കിലെടുത്ത് ബുധനാഴ്ച്ച മുതലാണ് കുടിവെള്ളം വിതരണം തുടങ്ങിയത്. വെള്ളം വിതരണം ചെയ്യാൻ വാഹനം വിട്ടു കൊടുത്ത് സഹകരിക്കാൻ ഒരുമനയൂർ ഗ്രാന്മയും ഇവർക്കൊപ്പമുണ്ട്. സി.പി.എം ചാവക്കാട് ഏരിയാ കമ്മിറ്റിയംഗം ടി.വി.സുരേന്ദ്രൻ കുടിവെള്ളം വിതരണം ഉദ്ഘാടനം ചെയ്തു. വി.സമീർ, അഡ്വ.അഖ്തർ അഹമ്മദ്, പഞ്ചായത്തംഗം കെ.വി.അബ്ദുൽ കരീം, കെ.കെ. അബ്ദുൽ മജീദ്, റഷീദ് ചേപ്പുളളി, പ്രമോദ് ആലാപാലം, കുഞ്ഞിമോൻ പാലക്കായി എന്നിവരാണ് നേതൃത്വം നൽകുന്നത്.അതേസമയം പഞ്ചായത്തിൽ കുടിവെള്ള പദ്ധതിക്ക് ടെൻഡർ വിളിച്ച് നടപടി ആരംഭിച്ചെന്നും ശനിയാഴ്ച മുതൽ കുടിവെള്ളവിതരണം ആരംഭിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി പി.ബി. സുഭാഷ് അറിയിച്ചു. പഞ്ചായത്തിൽ കുടിവെള്ള രൂക്ഷമായി അനുഭവപ്പെടുന്ന കാര്യം അംഗങ്ങൾ അറിയിച്ചിട്ടില്ല. എന്നാൽ പുന്നയൂർ സഹകരണ ബാങ്ക് ഭരണസമിതി മുഖേന ഒന്നിടവിട്ട ദിവസങ്ങളിൽ പലയിടത്തും കുടിവെള്ളം വിതരണം നടക്കുന്നുണ്ടെന്നും സെക്രട്ടറി പറഞ്ഞു.