പൊന്നാനിയില്‍ ബാര്‍ വരുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. തന്റെ യോജിപ്പിന്റെയും വിയോജിപ്പിന്റെയും അടിസ്ഥാനത്തിലല്ല സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കുന്നത്.ഇക്കാര്യത്തില്‍ താന്‍ നിസഹായനാണെന്നും സ്പീക്കര്‍ പറഞ്ഞു. ഫോര്‍സ്റ്റാര്‍ ഹോട്ടലുകള്‍ക്കെല്ലാം ക്രമപ്രകാരം ബാര്‍ അനുവദിക്കുകയെന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. ഇത് നടപ്പായില്ലെങ്കില്‍ ഹോട്ടലുടമകള്‍ക്ക് കോടതിയെ സമീപിക്കാം. എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ ബാര്‍ അനുവദിക്കാതിരിക്കാനുള്ള സമ്മര്‍ദ്ദം തുടരുമെന്നും ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. നേരത്തെയും ബാര്‍ അനുവദിക്കാതിരിക്കാന്‍ താന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ബാറിനെതിരെയുള്ള പ്രതിഷേധത്തിനൊപ്പമാണ് താനെന്ന് വ്യക്തമാക്കിയ സ്പീക്കര്‍ പൊന്നാനിയിലെ ബാര്‍ വിഷയത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ദുരുദ്ദേശപരമാണെന്നും പറഞ്ഞു. ചിലര്‍ ദുഷ്ടലാക്കോടെ സാമൂഹ്യമാധ്യമങ്ങള്‍ വഴി തനിക്കെതിരെ ആക്ഷേപം ഉന്നയിക്കുകയാണ്. താന്‍ അഴിമതിക്കാനാണെന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. ഈ പ്രചാരണങ്ങള്‍ ദുരുദ്ദേശപരമാണ്. ഒമ്പത് വര്‍ഷമായി ജനപ്രതിനിധിയായ തന്നെ പൊന്നാനിക്കാര്‍ക്കറിയാമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.